പൊയ്മുഖമില്ലാത്ത വ്യക്തിത്വം . എല്ലാ വിഷയങ്ങളിലും സ്വന്തമായ നിലപാടുള്ള സ്ത്രീത്വം . കരുത്തുറ്റ ചിന്തകളും പ്രവർത്തികളും കൊണ്ട് വിവാദങ്ങളുടെ കളിത്തോഴി. വിശേഷണങ്ങളേറെയാണ് ഈ സ്ത്രീരത്നത്തിന് . മികവുറ്റ വാക്ചാതുരി കൊണ്ടും വ്യത്യസ്തമായ അവതരണശൈലികൊണ്ടും ടെലിവിഷൻ രംഗത്തും സ്റ്റേജ് ഷോകളിലും മിന്നുംതാരമായ രഞ്ജിനി ഹരിദാസുമായി യുണീക് ടൈംസ് സബ്എഡിറ്റർ ഷീജ നടത്തിയ അഭിമുഖം .
1 .വിവാദങ്ങൾ സന്തതസഹചാരിയാണല്ലോ ? വിവാദങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?
വിവാദങ്ങൾ എന്നുപറയുമ്പോൾ അത് പൊതുജനങ്ങളുടെ അഭിപ്രായമാണല്ലോ .ഒരു വിഷയത്തെക്കുറിച്ച് വിവിധാഭിപ്രായങ്ങൾ പൊതുജനങ്ങൾക്കിടയിലുണ്ടാകുമ്പോഴാണല്ലോ വിവാദം ജനിക്കുന്നത് . അങ്ങനെ പൊതുജനങ്ങൾക്കിടയിൽ എന്നെക്കുറിച്ചു കുറേ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ള ഒരാളായി മാറി ഞാനും . അതെങ്ങനെയാണെന്നെനിക്കറിയില്ല . ഞാൻ ഇങ്ങനെയാണ് ! അതെ എനിക്ക് പറയാനുള്ളു . അന്നും ഇന്നും അതിനൊരു മാറ്റവും വന്നിട്ടില്ല . സത്യംപറഞ്ഞാൽ വിവാദങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട് . നല്ല അഭിപ്രായമാണെങ്കിലും മോശം അഭിപ്രായമാണെങ്കിലും അത് പറയാനായി കുറച്ചു സമയം സമൂഹം ചിലവഴിക്കുന്നുണ്ട് . അതിൽ എന്തങ്കിലുമൊക്കെ കാരണവുമുണ്ടാകുമല്ലോ . ഞാനായിട്ട് മനഃപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാറില്ല . പല വിവാദങ്ങളും ഞാൻ തമാശയായിട്ടേ എടുത്തിട്ടുമുള്ളു .ഒരു സമയത്ത് ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അതായത് , എൻറെ വേഷത്തെക്കുറിച്ചായാലും , എൻറെ ഭാഷയെക്കുറിച്ചായാലും ചർച്ചചെയ്യപ്പെടുകയുണ്ടായിരുന്നു .ചില സമയങ്ങളിൽ ചില ആൾക്കാരെക്കുറിച്ച് ചർച്ച ചെയ്യാൻ ജനങ്ങൾക്കിഷ്ടമായിരിക്കും . അതൊക്കെ സാമൂഹികജീവിത്തിന്റെ ഭാഗമായിക്കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് . ഇപ്പൊ വിവാദങ്ങളില്ലാതിരിക്കൽ എനിക്ക് ബുദ്ധിമുട്ടാണ് . ഇത് തമാശയായിട്ടാണ് പറയുന്നത് .
- ഈയിടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു വിഷയമാണ് “സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സമത്വവും : ഈ വിഷയത്തെക്കുറിച്ച് രഞ്ജിനിയുടെ കാഴ്ച്ചപ്പാടെന്താണ് ?
സത്യത്തിൽ വ്യക്തി സമത്വത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ . എല്ലാവരിലും സമത്വമുണ്ടാകണം .എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ഉണ്ടാകണം എന്ന് വിശ്വസിക്കുന്നു. എന്നാൽ സ്ത്രീയ്ക്കാണ് ശക്തി കൂടുതലെന്നോ പുരുഷനാണ് ശക്തികൂടുതലെന്നോ വിധിക്കാൻ ഞാനാളല്ല . പുരുഷനേയും സ്ത്രീയെയും രണ്ട് വ്യത്യസ്തരീതിയിലാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് .തീർച്ചയായും അതിന്റെതായ വ്യത്യാസം ഉണ്ടാകാതെ തരമില്ല . പക്ഷെ അവസരങ്ങളുടെ കാര്യത്തിൽ പുരുഷനും സ്ത്രീയും സമന്മാരാണ് . അതുകൊണ്ടാണ് സ്ത്രീ ശാക്തീകരണം ഫെമിനിസം എന്ന വിഷയങ്ങൾക്ക് കഴിഞ്ഞകുറച്ചു കാലങ്ങളായി കൂടുതൽ പ്രാധാന്യം കിട്ടുന്നത് .കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ തന്നെ ചർച്ചാവിഷയമായ ഒരു കാര്യമാണിത് . സ്ത്രീകൾക്ക് വോട്ടവകാശം , തുല്ല്യ വേതനം , ജോലി സമയത്തിലെ തുല്യത എന്നിവയ്ക്കായി തുടങ്ങിവച്ചതാണത് . നമുക്കറിയാം അന്നത്തെക്കാലത്ത് സ്ത്രീകൾക്ക് ഒന്നിനും സ്വാതന്ത്ര്യമോ പരിഗണനയോ ഉണ്ടായിരുന്നില്ല . അതിന് മാറ്റം വരുത്തുവാനായി സ്ത്രീകൾക്കൊപ്പം പുരുഷന്മാരും പ്രവർത്തിച്ചാണ് ഇന്നുണ്ടായിട്ടുള്ള നേട്ടങ്ങൾ നേടിയെടുത്തത് .ഇനിയും കുറെ കാര്യങ്ങൾ നേടിയെടുക്കാനുണ്ട് . അതിന്റെ ഒരു പോസിറ്റീവ് ഭാഗം എടുക്കുകയാണെങ്കിൽ തീർച്ചയായും സ്ത്രീ പുരുഷ സമത്വം എന്നുള്ളത് ആവശ്യമാണ് . എന്നാൽ സ്ത്രീ സമത്വവും തെറ്റായി വ്യഖ്യാനിക്കുന്നതിൽ എനിക്ക് യോജിക്കാൻ കഴിയില്ല . കഴിഞ്ഞകുറച്ചു കാലമായി ഫെമിനിസം എന്ന വാക്കിന്റെ അർത്ഥം തന്നെ മാറിയിരിക്കുന്നു . ഫെമിനിസം എന്നാൽ പുരുഷ മേധാവിത്വം എന്ന രീതിയിൽ മാറിയിരിക്കുന്നു . അതിനോട് ഞാൻ യോജിക്കുന്നില്ല . ഫെമിനിസം എന്ന് പറയാൻ എന്തിന് ഫെമിനിസ്റ്റ് എന്ന് പറയാൻ പോലും ആളുകൾ ഇപ്പോൾ പേടിക്കുന്നരീതിയിട്ടുണ്ട് . ഫെമിനിസ്റ്റ് എന്നുപറഞ്ഞാൽ സമത്വം ആഗ്രഹിക്കുന്ന ആൾ എന്നുമാത്രമേ അർത്ഥം ഉള്ളു . പുരുഷന്മാർക്കും ഫെമിനിസ്റ്റ് ആകാം . എല്ലാത്തിലും കുറ്റങ്ങൾ കണ്ടുപിടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതിലും ഉണ്ടാകുന്നു എന്നേയുള്ളു . സ്ത്രീ പുരുഷ സമത്വം എന്നതിനെ അതിന്റെ നല്ല അർഥത്തിൽ ഞാൻ അംഗീകരിക്കുന്നു . സ്ത്രീ ശാക്തീകരണം വളരെ അത്യാവശ്യമുള്ള വിഷയമാണ് . വിദ്യാഭ്യാസത്തിലൂടെ തിരിച്ചറിവുകളിലൂടെ സ്ത്രീ ശക്തയാകേണ്ടതുണ്ട് . മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട് .
- മനുഷ്യരേക്കാൾ സ്നേഹിക്കാൻ നല്ലത് മൃഗങ്ങൾ എന്നതുകൊണ്ടാണോ രഞ്ജിനി ഒരു മൃഗസ്നേഹിയായി മാറിയത് ?
ഞാൻ ഒരു മൃഗസ്നേഹിയാകാൻ കാരണം ഒരു പക്ഷെ ഞാൻ വളർന്ന സാഹചര്യം ആയിരിക്കാം . നമ്മളിലെ വ്യക്തിത്വം രൂപീകരിക്കപ്പെടുന്നത് വളരുന്ന സാഹചര്യത്തിൽ നിന്നുതന്നെയാണ് . എൻറെ അച്ഛൻ മൃഗസ്നേഹിയായിരുന്നു . അമ്മയും അപ്പൂപ്പനും മൃഗസ്നേഹികളാണ് . വലുതായപ്പോൾ അനുഭവങ്ങളിൽ നിന്നും മനസിലായത് മൃഗങ്ങൾക്കുള്ള സ്നേഹം ഒരിക്കലും മാറില്ല എന്നത് . പ്രത്യേകിച്ച് നായകൾക്ക് . എന്തെന്നാൽ വളർത്തുമൃഗങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നത് നായ്ക്കളോടാണ്. ചിലരെ ഞാൻ സഹായിക്കുമ്പോഴും എനിക്ക് തിരികെ പണി തരുന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ട് . വളരെ നന്ദിയുള്ള മൃഗമാണ് നായ. നമ്മൾ അവരെ അടിച്ചാലും സ്നേഹത്തോടെ വീണ്ടും നമ്മുടടുത്ത് വരും . എന്നാൽ മനുഷ്യരുടെ കാര്യം അങ്ങനെയല്ല . ഈഗോയും , പകയും , പ്രതികാരവും എല്ലാം ചേർന്നതാണ് മനുഷ്യർ . അതുകൊണ്ട് സ്നേഹിക്കാൻ ഇപ്പോഴും നല്ലത് മൃഗങ്ങൾ തന്നെയാണ് . എല്ലാ മനുഷ്യരേക്കാൾ എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല . എന്നാലും ചില മനുഷ്യരെക്കാളും കൂടുതലിഷ്ടമാണ് . ഒരുപാടിഷ്ടമുള്ള ഒത്തിരി മനുഷ്യരും ഉണ്ട് . ഒരിക്കലും രണ്ട് വിഭാഗത്തിൽപ്പെട്ട ജീവികളെപ്പറ്റി താരതമ്യം ചെയ്യാൻ സാധിക്കില്ല .
അടുത്ത പേജില് തുടരുന്നു



Leave a Reply