ക്രിക്കറ്റ് വാതുവെപ്പിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് (ഐ.സി.സി).കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് അഞ്ചു ടീമിന്റെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാര് സമീപിച്ചിരുന്നതായി ഐ.സി.സി വ്യക്തമാക്കി. ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറല് മാനേജര് അലെക്സ് മാര്ഷല് തിങ്കളാഴ്ച്ചയാണ് ഈ വാര്ത്ത പുറത്തുവിട്ടത്.ഏതെല്ലാം രാജ്യങ്ങളുടെ ക്യാപ്റ്റന്മാരേയാണ് സമീപിച്ചതെന്ന് വെളിപ്പെടുത്താനാകില്ലെന്നും അലെക്സ് മാര്ഷല് വ്യക്തമാക്കി.ഏഷ്യ കപ്പിനിടെ അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് മുഹമ്മദ് ഷഹ്സാദിനേയും വാതുവെപ്പുകാര് സമീപിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി .ഒക്ടോബറില് ഷാര്ജയില് നടക്കുന്ന അഫ്ഗാനിസ്താന് പ്രീമിയര് ടി ട്വന്റി ടൂര്ണമെന്റില് മോശം പ്രകടനം കാഴ്ച്ചവെക്കണമെന്നാവശ്യപ്പെട്ട് വാതുവെപ്പുകാര് അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് മുഹമ്മദ് ഷഹ്സാദിനെ സമീപിച്ചിരുന്നിരുന്നതായി അലെക്സ് പറയുന്നു.കുറഞ്ഞ സമയത്തിനുള്ളില് മത്സരം അവസാനിക്കുന്നതിനാല് അവര്ക്ക് ടിട്വന്റി ക്രിക്കറ്റിനോടാണ് താത്പര്യം കൂടുതല്. അലെക്സ് മാര്ഷെല് വ്യക്തമാക്കുന്നു. വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് 32 കേസുകളുടെ അന്വേഷണം നടത്തിയതായും ഐ.സി.സിയുടെ വാര്ഷിക റിപ്പോര്ട്ടില് പറയുന്നു. ഇതില് 23 എണ്ണം നല്കിയത് കളിക്കാരും മാച്ച് ഒഫീഷ്യല്സുമാണ്. ചില താരങ്ങളും വാതുവെപ്പില് ഉള്പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനടയില് ഐ.സി.സി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply