കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ ടീമിന് ധോണിയുടെ സേവനം ഇനിയും ആവശ്യമുണ്ട്. ഒരു കളിയിലെ പരാജയം വിലയിരുത്തി അദ്ദേഹത്തെ തള്ളി പറയുന്നത് എന്തടിസ്ഥാനത്തിലാണ്. തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറയുന്നത് നല്ല പ്രവണതയല്ല. ഇന്ത്യന്‍ ടീമിന് വലിയ സംഭാവന ചെയ്ത താരമാണ് ധോണി. മികച്ച ശാരീരികക്ഷമതയുള്ള അദ്ദേഹം ശ്രീലങ്കക്കും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നിട്ടും മഹിക്കു നേരെ ചിലര്‍ വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 യില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാണ് എല്ലാവരും ധോണിയെ വിമര്‍ശിക്കുന്നത്. ആ കളിയില്‍ മികച്ച കളിക്കാരനായ ഹാര്‍ദിക് പാണ്ഡ്യക്ക് പോലും മികവ് കാട്ടാനായില്ല. എട്ടോ ഒന്‍പതോ റണ്‍സ് ശരാശരി വേണ്ട സമയത്താണ് അദ്ദേഹം ക്രീസില്‍ വന്നത്. ന്യൂബോള്‍ എടുക്കുന്ന സമയവുമായിരുന്നു. ഇതൊന്നും കാണാതെയാണ് ടീമിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ധോണിയെ എല്ലാവരും വിമര്‍ശിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.
ടീമിന്റേയും മാനേജ്‌മെന്റിന്റേയും പൂര്‍ണ പിന്തുണയുള്ള താരമാണ് ധോണി. ജനങ്ങളുടെ വൈകാരികത കലര്‍ന്ന അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പറ്റില്ല. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത താരമാണ് ധോണിയെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.