കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് കാരണം ചെന്നെെയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്‌പെഷ്യല്‍ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം കോവിഡ് ഭീതിയെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയും ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്. യാത്രക്കാരില്ലാത്തതിനെത്തുടര്‍ന്ന് രാജ്യത്ത് ദീര്‍ഘദൂരയാത്ര ഉള്‍പ്പെടെ 85 ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്.

മാര്‍ച്ച്‌ 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. സെല്‍ട്രല്‍ റെയില്‍വേ- 23, ദക്ഷിണ മധ്യ റെയില്‍വേ- 29, പടിഞ്ഞാറന്‍ റെയില്‍വേ- 10, ദക്ഷിണ പൂര്‍വ റെയില്‍വേ- ഒമ്ബത് എന്നിങ്ങനെയാണ് റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാന്‍ വെസ്റ്റേണ്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയിരുന്നു. പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണു വര്‍ധന. ടിക്കറ്റ് നിരക്ക് വര്‍ധന താല്‍ക്കാലികമാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

കൂടാതെ ട്രെയിനില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കായി റെയില്‍വേ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വ്യക്തിഗത ശുചിത്വം പാലിക്കാന്‍ കാറ്ററിങ് യൂനിറ്റിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കണം. എല്ലാ ജീവനക്കാരും ഫെയ്‌സ്മാസ്‌കും കൈയുറകളും ധരിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ച്‌ കൈ കഴുകണം. ഇങ്ങനെയുള്ള നിരവധി മാർഗനിർദേശങ്ങളാണ് റെയിൽവേ പുറപ്പെടുവിച്ചിട്ടുള്ളത്.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.