മാധ്യമ പ്രവർത്തകൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ സര്വേ ഡയറക്ടര് സ്ഥാനത്തുനിന്ന് സസ്പെന്ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്വേ ഡയറക്ടര് സ്ഥാനത്തുനിന്നു നീക്കുകയും വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുമുണ്ട്. നിലവിൽ ശ്രീറാം റിമാന്ഡിലാണ്.
സിവില് സര്വീസ് ഉദ്യോഗസ്ഥന് റിമാന്ഡിലായാല് 48 മണിക്കൂറിനകം സസ്പെന്ഡ് ചെയ്യണമെന്നാണ് സര്വീസ് ചട്ടം. ഇതിൻറെ ഭാഗമായാണ് സസ്പെൻഷൻ ഉത്തരവ്. ശനിയാഴ്ച പുലര്ച്ചെ ഒരുമണിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീര് മരിച്ചത്. റിമാന്ഡിലായ ശ്രീറാം നിലവില് തിരുവനന്തപുരം മെഡിക്കല് കോളേജിലെ മള്ട്ടി സ്പെഷ്യാലിറ്റി ഐ സി യുവിലാണുള്ളത്.
അതേസമയം ശ്രീറാമിൻറെ രക്തത്തിൽ മദ്യത്തിൻെറ അംശമില്ലെന്ന റിപ്പോർട്ടും പുറത്തുവന്നു. അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാംപിള് ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയത്. ഇതുമൂലമാവും മദ്യത്തിന്റെ അളവ് കണ്ടെത്താന് കഴിയാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പൊലീസിന്റെ അനലിറ്റിക്കല് ലാബിലാണ് രക്ത സാംപിള് പരിശോധിച്ചത്. ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് ദുര്ബലമാക്കാനുള്ള നീക്കം ശക്തമാവുകയാണ്. കസ്റ്റഡി അപേക്ഷ നാളെ പരിഗണിച്ച ശേഷമേ ജാമ്യാപേക്ഷയില് വിധി പറയു.
Photo Courtesy : Google/ images are subject to copyright

Leave a Reply