ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് വിമർശിച്ച് പാകിസ്ഥാൻ രംഗത്ത്. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇതിനെതിരെ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നു അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ തീരുമാനത്തെ നയതന്ത്ര തലത്തില്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ രാജ്യസഭയില്‍ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ജമ്മുകശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. ജമ്മുകശ്മീരിനു ഇനി പ്രത്യേക പദവിയില്ല. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ഇനി ജമ്മുകശ്മീറിനും ബാധകം.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്തിനു പിന്നാലെ രാജ്യസഭയിൽ പിന്നെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഭരണഘടന കീറിയെറിഞ്ഞു. ഭരണഘടന കീറിയെറിഞ്ഞ പിഡിപി എം.പിമാരെ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുറത്താക്കി.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.