ഇന്ന് രാവിലെ ഒൻപതുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു. കൊറോണയെന്ന ഇരുട്ടിനെ നമുക്ക് മായ്ക്കണമെന്നും അതിനായി, ഏപ്രിൽ 5 ഞായറാഴ്‍ച്ച രാത്രി ഒൻപത് മണിമുതൽ ഒൻപത് മിനിറ്റ് നേരത്തേക്ക് എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണച്ചിട്ട് വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ ചെറുദീപങ്ങള്‍ തെളിയിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്ലാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കാം.

കോവിഡ് എന്ന ഇരുട്ടിനെ അകറ്റണം, ആരും ഒറ്റയ്ക്കല്ലെന്ന് തെളിയിക്കണം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തി പ്രകടനമാകും. കൊറോണ എന്ന അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കാൻ നമുക്ക് ഒരുമിച്ച് അതിനായി സമയം നീക്കി വയ്ക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. എന്നാൽ ഇതിനായി ആരും കൂട്ടം കൂടരുതെന്നും, തെരുവിലിറങ്ങരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കലാണെന്നും, രാജ്യം ലോക്ഡൗണിനോട് നന്നായി തന്നെ പ്രതികരിച്ചു. ആരും ഇത് ഇനി ലംഘിക്കരുതെന്നും രാജ്യം ഒന്നായാണ് കൊറോണയോട് പൊരുതുന്നതെന്നും, ആരും ഒറ്റയ്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനത കർഫ്യൂ ലോകത്തിന് തന്നെ മാതൃകയാണ്, കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.