തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്ന്ന് കടലില് നിന്ന് കാണാതായ പല ബോട്ടുകളും ഇനിയും കണ്ടെത്താനായിട്ടില്ല. പൂന്തുറയില് നിന്ന് കടലില് പോയ 17 ബോട്ടുകള് ഇനിയും കണ്ടെത്തിയിട്ടില്ല. ഇവയിലുണ്ടായിരുന്ന 37 തൊഴിലാളികളേയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര് അറിയിച്ചു.

അതേസമയം ലക്ഷദ്വീപില് വ്യാപക നാശനഷ്ടമാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ചുഴലിക്കാറ്റ് ദ്വീപില് തിവ്രതയോടെ ആഞ്ഞടിക്കുകയാണ്. ദ്വീപുകളിലെങ്ങും അതീവജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. മഴയും ശക്തമാണ്. നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവര്ത്തനങ്ങള് തുടരുകയാണ്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. മിനിക്കോയില് വാര്ത്താവിനിമയ സംവിധാനങ്ങള് തകരാറിലായി. ലക്ഷദ്വീപില് കനത്തമഴയെ തുടര്ന്ന് കല്പ്പേനി ഹെലിപ്പാട് വെള്ളത്തിനടിയിലായി. ലക്ഷദ്വീപില് ഉരു മുങ്ങിയതായും റിപ്പോര്ട്ടുണ്ട്. മുന്കരുതലെന്നോണം ഇവിടെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച ഓഖി ഇനിയുള്ള മണിക്കൂറുകളില് 120-130 കിലോമീറ്റര് വേഗത്തില് വീശുമെന്ന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേരളത്തില് നിന്ന് ലക്ഷദ്വീപിലേക്കുളള കപ്പല് സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്.

കേരളത്തില് തിരുവനന്തപുരത്ത് കടലില് പോയവരില് ഏഴ് പേരെ കണ്ടെത്തിയതായും വാര്ത്തകളുണ്ട്. ഇവരെ കരയിലെത്തിക്കാനുള്ള ശ്രമങ്ങള് നടക്കുകയാണ്. അതേസമയം, ജനങ്ങള് സ്വന്തം നിലക്ക് രക്ഷാപ്രവര്ത്തനങ്ങള്ക്ക് മുതിരരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇനി രക്ഷാപ്രവര്ത്തനങ്ങള്ക്ക് ഇറങ്ങുന്നവര് പേരു വിവരങ്ങള് അധികൃതരെ അറിയിക്കണം.
Photo Courtesy : Google/ images are subject to copyright

Leave a Reply