തന്റെ കഥാപാത്രങ്ങളെ പൂര്ണ്ണമാക്കാന് എന്തുതരം രൂപമാറ്റത്തിനും തയ്യാറാകുന്ന നടനാണ് ജയസൂര്യ എന്ന കാര്യത്തില് ആര്ക്കും തര്ക്കമുണ്ടാകില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ വേഷങ്ങളാണ് ജയസൂര്യയെ തേടിയെത്തുന്നതും. ചിത്രങ്ങള്കൊണ്ടും അഭിനയം കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുന്ന ജയസൂര്യ മികച്ച നടനായി പ്രേക്ഷകപ്രീതി നേടുകയും ചെയ്തിരിക്കുന്നു.
വിനയന് ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായി സിനിമാലോകത്തെത്തുന്നത്. അവിടിന്നിങ്ങോട്ട് നിരവധി നായകകഥാപാത്രങ്ങള് ജയസൂര്യയിലൂടെ പ്രേക്ഷകര്ക്കു മുന്നിലെത്തി.
ജയസൂര്യക്ക് ഏറെ അഭിനന്ദനം നേടിക്കൊടുത്ത ചിത്രമായിരുന്നു അപ്പോത്തിക്കിരി. 2014 ലാണ് ചിത്രം പുറത്തിറങ്ങിയത്. ശരീരഭാരം ഏറെ കുറച്ച് കഥാപാത്രത്തെ അവിസ്മരണീയമാക്കാന് ജയസൂര്യ ശ്രദ്ധിച്ചു. സുരേഷ് ഗോപി, ആസിഫ് അലി, അഭിരാമി തുടങ്ങിയവരും ചിത്രത്തില് വേഷമിട്ടിരുന്നു.

അപ്പോത്തിക്കിരിക്കു ശേഷം രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില് ജയസൂര്യ നായകനാകും എന്നാണ് ഇപ്പോള് വാര്ത്തകള്. ഇളയരാജ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില് പോസ്റ്റര് പുറത്ത് വന്നെങ്കിലും നായകന് ജയസൂര്യയാണോ എന്ന കാര്യത്തില് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

വിപി സത്യനായി ക്യാപ്റ്റന് എന്ന പ്രജേഷ് സെന് ചിത്രത്തിലൂടെ ഏറെ പ്രശംസ നേടാന് ജയസൂര്യക്ക് കഴിഞ്ഞു. ആട് സിനിമയിലെ ഷാജി പാപ്പന്, പുണ്യാളനിലെ ജോയ് താക്കോല്ക്കാരന് തുടങ്ങിയവ ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ്.


Leave a Reply