കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ, എന്നാൽ നടപടിയെടുത്താല്‍ വീണ്ടും പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി തൊഴിലാളി യൂണിയനുകളും. മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരാനിരിക്കെയാണ് തൊഴിലാളി യൂണിയനുകളുടെ ഈ നിലപാട് അറിയിച്ചത്.

അതേസമയം കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച്‌ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചത്. സമയം തെറ്റിച്ച്‌ വന്ന സ്വകാര്യ ബസാണ് പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമിട്ടതെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ മിന്നൽ പണിമുടക്കിന്റെ പേരിൽ ബസ്സുകൾ റോഡിൽ നിർത്തിയിട്ടത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ തെറ്റാണെന്നും അതിനാൽ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

മിന്നൽ പണിമുടക്കിൻ്റെ പേരിൽ ശക്തമായ നടപടിയെടുക്കാനാണ് സർക്കാരിൻറെ തീരുമാനം.
എന്നാൽ പണിമുടക്കിൻ്റെ പേരില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കിയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചു. എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കുമെന്ന സൂചന നല്‍കിയത്. മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗതാഗതവകുപ്പ് ഇന്നു നടപടിയെടുത്തേക്കും. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് ഉണ്ടാക്കിയിരിക്കുന്നത്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.