കേരളത്തിന് ഹീറോ ആയി ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്. കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് പറഞ്ഞ ആരാധകന് ഒരു കോടി രൂപ ധനസഹായമായി നൽകാമെന്നാണ് സുശാന്ത് സിങ് അറിയിച്ചത്. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു.

ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിങിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘എന്റെ കൈയില്‍ പണമില്ല; കേരളത്തിലേയ്ക്ക് എന്തെങ്കിലും ഭക്ഷണം സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ…’

ഇതിന് സുശാന്ത് നല്‍കിയ മറുപടിയാണ് ശുഭംരഞ്ജനെ ഞെട്ടിച്ചത്. ‘നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം.’ എന്നായിരുന്നു ഇതിന് സുശാന്ത് നല്‍കിയ മറുപടി….

ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു. അദ്ദേഹം അത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് വിവരം ആരാധകരെ അറിയിച്ചു.

 

‘സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ. അത് അത്യാവശ്യമുള്ള സമയത്താണ് നിങ്ങൾ അത് സംഭാവന ചെയ്തത്. ഒരുപാട് സ്‌നേഹം.എന്റെ കേരളം- സുശാന്ത് കുറിച്ചു.

Leave a Reply

Your email address will not be published.