കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ കുരുക്ക് ഒരുക്കി പോലീസ്.  കേസിലെ പത്താം പ്രതി വിപിന്‍ ലാലിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു.  അതേ സമയം കേസില്‍ അനുബന്ധ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
പള്‍സര്‍ സുനിയുടെ കൂട്ടുപ്രതിയാണ് വിപിന്‍ലാല്‍.  ഇന്നലെ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച വിപിന്‍ ലാലിന്റെ രഹസ്യമൊഴിയും അന്വോഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.  സഹതടവുക്കാരനായ പള്‍സര്‍ സുനിക്ക് ജയിലില്‍ വച്ച് കത്തെഴുതി നല്‍കിയത് വിപിന്‍ലാലാണ്.  ഈ കത്തിനെ തുടര്‍ന്നാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.  തന്നെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതും ഈ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.  പിന്നീടുള്ള അന്വോഷണത്തിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.  കേസില്‍ ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി വിപിന്‍ ലാലിനോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അന്വോഷണ സംഘത്തിന്റെ കണക്ക് കൂട്ടല്‍.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ അന്വോഷണ സംഘം സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.  ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് അന്വോഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  ഒരു സാക്ഷി മൊഴിയടക്കം മൂന്നു തെളിവുകള്‍ അന്വോഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലായിരുന്നു ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.