കൊച്ചി; അട്ടപ്പാടിയിയില് ആദിവാസി യുവാവ് മധു ആള്ക്കൂട്ടത്തിന്റെ മര്ദ്ദനമേറ്റ് മരിച്ച സംഭവത്തില് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില് കോടതി അടിയന്തിരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രന് നല്കിയ കത്ത് ഹര്ജിയായി പരിഗണിച്ചാണ് കേസ് എടുത്തത്. കേസില് 15 ദിവസത്തിനകം റിപ്പോര്ട്ട് നല്കാന് സ്റ്റേറ്റ് അറ്റോര്ണിയോട് കോടതി ആവശ്യപ്പെട്ടു. കേസ് സംബന്ധിച്ച് പഠനം നടത്താന് അഡ്വ. ദീപക്കിനെ അമിക്കസ്ക്യൂറിയായി നിയമിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ഒരുസംഘം നാട്ടുകാര് മര്ദ്ദിച്ച് കൊലപ്പെടുത്തിയത്. ആള്ക്കൂട്ടം നിയമം കൈയിലെടുത്ത സംഭവത്തെ ഗൗരവമായി കാണണമെന്നും ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാന് കോടതി നിര്ദേശിക്കണമെന്നും ഹൈക്കോടതിയില് സമര്പ്പിച്ച കത്തില് ജസ്റ്റിസ് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.

Leave a Reply