ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന ആക്ഷേപവുമായി ജഡ്ജിമാരുടെ പത്രസമ്മേളനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയാണ് പ്രതിഷേധം. സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലല്ലയെങ്കില്‍ ജനാധിപത്യ വ്യവസ്ഥയെ തന്നെ ബാധിക്കും.
ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെയാണ് കൊളീജിയത്തിലെ ഭൂരിപക്ഷം പേരും രംഗത്ത് വന്നിരിക്കുന്നത്. ജസ്റ്റിസിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ തങ്ങള്‍ നിശബ്ദരായെന്ന് നാളെ ആരും കുറ്റപ്പെടുത്താനിടവരരുത്.
ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട് മറ്റൊരു വഴിയുമില്ലാത്ത സാഹചര്യം വന്നതിനാലാണ് ഇങ്ങനൊരു വാര്‍ത്താസമ്മേളനം നടത്തി ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
ജസ്റ്റിസ് ലോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം വന്ന് കഴിഞ്ഞു. സുപ്രീംകോടതിയിലെതന്നെ ഏറ്റവും ജൂനിയറായ ജഡ്ജിക്ക് മുന്നിലായിരുന്നു ലോയുടെ കേസ് പരിഗണനക്ക് വന്നിരുന്നത്. എന്നാല്‍ കേസ് സീനിയര്‍ ജഡ്ജിയുടെ ബഞ്ചിലേക്ക് മാറ്റണമെന്ന് നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നു.
രാജ്യത്തോടും സുപ്രീംകോടതിയോടും ഞങ്ങള്‍ക്ക് ഉത്തരവാദത്തമുണ്ട്.അതുകൊണ്ട് തന്നെയാണ് കാര്യങ്ങള്‍ സുഗമമായല്ല നീങ്ങുന്നതെന്ന് മനസ്സിലായപ്പോള്‍ ആദ്യം ചീഫ് ജസ്റ്റിസിനു തന്നെ കത്ത് നല്‍കിയത്. എന്നാല്‍ അക്കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളാനോ നിലപാടെടുക്കാനോ ഒന്നും അദ്ദേഹം തയ്യാറായില്ല. അതിനാലാണ് രാജ്യത്തിന് മുന്നില്‍ തന്നെ ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയാന്‍ തീരുമാനിച്ചത്.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.