തിരുവനന്തപുരം : ആലപ്പുഴ കളക്ടറുടെ റിപ്പോര്ട്ട് മന്ത്രി തോമസ് ചാണ്ടിക്ക് എളുപ്പത്തില് രക്ഷപ്പെടാന് കഴിയാത്തത്. ഭൂസംരക്ഷണനിയമത്തിന്റേയും ചട്ടത്തിന്റേയും കുരുക്കില് നിന്ന് തലയൂരാന് മന്ത്രിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും. നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെന്ന് റവന്യൂ മന്ത്രി ഉറപ്പിച്ചു പറയുന്നു. റിപ്പോര്ട്ടില് നിയമലംഘനങ്ങള് അക്കമിട്ട് നിരത്തിയതിനാല് മന്ത്രിയെ രക്ഷിക്കാന് നിയമോപദേശത്തിലൂടെയും കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ നേതൃത്വം.
ഭൂസംരക്ഷണ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം അഞ്ചു വര്ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം മന്ത്രി നടത്തിയെന്നാണ് റിപ്പോര്ട്ടിലെ പ്രധാന കണ്ടെത്തല്. ഈ നിയമം അനുസരിച്ച് കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കില്ല. ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് നിയമപ്രകാരമുള്ള കുറ്റവിചാരണ നടത്തുന്നത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുമ്പോള് ഏതെങ്കിലും തരത്തിലുള്ള ചെറുത്തു നില്പ്പുണ്ടായാല് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അധികാരവും കളക്ടര്ക്കുണ്ട്.
കളക്ടറുടെ റിപ്പോര്ട്ട് പ്രകാരം പുറമ്പോക്ക് വഴിയും സര്ക്കാര് മിച്ചഭൂമിയും വാട്ടര് വേള്ഡ് ടൂറിസം കമ്പനി നികത്തി കൈവശം വച്ചിരിക്കുകയാണ്. അനധികൃത കൈയറ്റം കണ്ടുപിടിച്ചാല് ഭൂസംരക്ഷണ ചട്ടങ്ങളുടെ അടിസ്ഥാനത്തില് ലാന്ഡ് റവന്യൂ അധികാരികള് ഉടന് നടപടി സ്വീകരിക്കണം. അന്തിമ ഉത്തരവ് നല്കുന്നത് കളക്ടറാണ്. കളക്ടര് സ്ഥലസന്ദര്ശനം നടത്തി ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് നിയമം. കളക്ടറുടെ റിപ്പോര്ട്ടില് അടിവരയിട്ട് ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങള് അട്ടിമറിച്ച് എ.ജിക്ക് നിയമോപദേശം നല്കാന് കഴിയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.
Photo Courtesy : Google/ images are subject to copyright

Leave a Reply