തിരുവനന്തപുരം : അച്ഛേ ദിന്‍ ദിനം പ്രതി നടക്കുന്നതില്‍ വളരെ ആശങ്കയിലാണ് ഇന്ന് രാജ്യം. കേരളപ്പിറവി ദിനത്തിന്റെ സന്തോഷം പാചക വാതക വില വര്‍ധിപ്പിച്ചാണ് കേന്ദ്രം സമ്മാനിച്ചത്. ഒരു സിലിണ്ടറിന് 94 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.   635 രൂപയായിരുന്ന സിലിണ്ടറിന് ഇന്നുമുതല്‍ 729 രൂപ നല്‍കിയാല്‍ മാത്രമേ വീട്ടില്‍ ആഹാരം വക്കാനാകൂ. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപ കൂടിയപ്പോള്‍ 1143 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 1289 രൂപ നല്‍കിയാല്‍ മാത്രമേ ഇതും ഉപയോഗിക്കാനാകൂ.
വില വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഓരോ സാധാരണക്കാരനും ഇത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.  ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടുള്ള എണ്ണക്കമ്പനികളുടെ അറിയിപ്പ് ഇന്ന് പുലര്‍ച്ചെയാണ് പാചക വാതക വിതരണക്കാര്‍ക്ക് ലഭിച്ചത്.  എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്ന പതിവ് എണ്ണക്കമ്പനികള്‍ക്കുണ്ടെങ്കിലും ഇത്ര വലിയ വില വര്‍ധന ജനങ്ങള്‍ക്ക് വലിയ തിരിച്ചടി തന്നെയാണ്.
അടുത്ത മാസത്തോടെ പാചക വാതകത്തിന്റെ സബ്‌സിഡി കേന്ദ്രം എടുത്തു കളയുന്നതോടെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് കൂപ്പുകുത്തും.  ഈ വര്‍ഷം തന്നെ ആറിലധികം തവണ എല്‍.പി.ജി വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഹോട്ടലുകളിലെ ഭക്ഷണവില വര്‍ധിക്കാനും സാധ്യതയുണ്ട്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.