സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 69ക്കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ഇയാൾ ഇന്ന് രാവിലെയാണ് മരിച്ചത്.
മാർച്ച് 17ന് ദുബായിൽ നിന്നും തിരിച്ചെത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങളെ തുടർന്ന് മാർച്ച് 22 നാണ് പ്രവേശിപ്പിച്ചത്. കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമുണ്ടായിരുന്നു. ഹൃദ്രോഗത്തിനും ഉയര്ന്ന രക്തസമ്മര്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
ഇന്നു രാവിലെയാണ് മരിച്ചുവെന്ന് വിവരം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചത്. ഭാര്യക്കും, ഇയാളെ നെടുമ്പാശ്ശേരിയിൽ നിന്നും വീട്ടിലെത്തിച്ച ടാക്സി ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് മരിച്ച ആളുടെ വീട്ടിലെ മൂന്നു പേർ നിരീക്ഷണത്തിലാണ്.
കൂടാതെ ഇവര് ദുബായില്നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലെ ജീവനക്കാരെയും ഇവര് താമസിച്ചിരുന്ന ഫ്ളാറ്റില് ഉണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ബന്ധുക്കള്ക്ക് മൃതദേഹം വിട്ടു നല്കില്ല, എന്നാൽ മട്ടാഞ്ചേരിയിലുള്ള ആരാധനാലയത്തില് പ്രോട്ടോക്കോള് പ്രകാരമായിരിക്കും മൃതദേഹം സംസ്കരിക്കുക. കൂടുതല് പേര് സംസ്കാരത്തിന് എത്തരുത് എന്നത് ഉള്പ്പെടെയുള്ള നിര്ദേശങ്ങള് ജില്ലാ ഭരണകൂടം നല്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply