നിർമാണ ക്രമക്കേടിനെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപാലത്തിൻെറ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ഇ.ശ്രീധരൻെറ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ നടത്തുന്നു. പാലത്തിൻെറ നിലനിൽപ്പിനെ പറ്റി ഗുരുതര ആശങ്കകളുയരുന്ന സാഹചര്യത്തിലാണ് ഇ.ശ്രീധരൻ പരിശോധനക്കായെത്തിയത്. കോണ്‍ക്രീറ്റ് വിദഗ്ധനായ മഹേഷ് ടണ്ടണ്‍, ചെന്നൈ, കാണ്‍പൂര്‍ ഐ ഐ ടികളില്‍ നിന്നുള്ള വിദഗ്ധ സംഘം എന്നിവരും ഇ.ശ്രീധരൻെറ സംഘത്തിലുണ്ട്.

പാലം പൂര്‍ണമായും പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള പരിശോധനകൾക്കായി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ നിയോഗിച്ചത്. പരിശോധനകൾക്ക് ശേഷം സമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതിന് ശേഷമായിരിക്കും സര്‍ക്കാര്‍ പാലത്തിന്റെ തുടര്‍നടപടികളെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുക.

പാലം നിര്‍മ്മിച്ചപ്പോൾ വേണ്ടത്ര അളവില്‍ സിമന്റ് ഉപയോഗിച്ചില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതുകണക്കിലെടുത്താണ് ഇ.ശ്രീധരൻ പരിശോധനയ്ക്കായി സംഘത്തിൽ കോണ്‍ക്രീറ്റ് സ്പെഷ്യലിസ്റ്റുക്കൂടി വേണമെന്ന ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പാലാരിവട്ടത്ത് നേരിട്ടെത്തി പരിശോധന നടത്താന്‍ ശ്രീധരന്‍ തീരുമാനിച്ചത്. ആര്‍.ഡി.എസ്. പ്രൊജക്ട്സ് ആണ് പാലാരിവട്ടം പാലനിർമ്മാണത്തിൻെറ കരാറുകാർ. നിലവിൽ ആര്‍.ഡി.എസ്. പ്രൊജക്ട്സ് സംസ്ഥാനത്ത് നടത്തിയ മറ്റ് പദ്ധതികളും വിജിലന്‍സ് നിരീക്ഷണത്തിലാണ്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.