ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലികൾ. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി വസന്തകുമാർ വീട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപാണ് വസന്തകുമാറിന്റെ മരണവിവരം വീട്ടുകാരെ തേടിയെത്തുന്നത്. വയനാട്‌ ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ വസന്തകുമാർ അവധിയാഘോഷം കഴിഞ്ഞ് ഒൻപതിനാണു വീട്ടിൽ നിന്നും മടങ്ങിയത്. വസന്തകുമാർ സി.ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമാണ്. 2001ലാണ് സിആർപിഎഫിൽ ചേര്‍ന്നത്. ഇത്രയും കാലം പഞ്ചാബിലായിരുന്നു അദ്ദേഹം.
സ്ഥാനക്കയറ്റത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് അവധിലഭിച്ചതിനാലാണ് നാട്ടിലെത്തിയത്. സ്ഥാനകയറ്റം കിട്ടിയതിനാൽ ശ്രീനഗറിലേക്ക് ചുമതലയേൽക്കാൻ പോകുകയായിരുന്നു .
വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ– ശാന്ത ദമ്പതികളുടെ മകനാണ് വസന്തകുമാർ. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്. ഔദ്യോഗികമായി മരണവിവരം ഇതുവരെ വീട്ടുകാരെ അറിയിച്ചിട്ടില്ല. പക്ഷെ ഇന്നലെ സൈന്യത്തില്‍ നിന്നുള്ള ഫോണ്‍ സന്ദേശം വഴി വസന്തകുമാര്‍ ഇനിയില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞു കഴിഞ്ഞു.

ഭൗതികശരീരം ഇന്ന് വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം, എന്നാൽ സമയം സംബന്ധിച്ച അന്തിമവിവരം ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഭൗതികശരീരംപൂർണ ബഹുമതികളോടെ ആയിരിക്കും സംസ്കരിക്കുക. കാശ്മീരിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ഭീകരാക്രമണം ആണിത്. വസന്തകുമാര്‍ ഉള്‍പ്പെടെ 44 സി.ആര്‍.പി.എഫ്. ജവാന്മാരാണ് ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. എഴുപതിൽ കൂടുതൽ ബസുകളിലായി 2547 ജവാന്മാർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15 ഓടെ ആയിരുന്നു ആക്രമണം നടന്നത്. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

Leave a Reply

Your email address will not be published.