തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുന്നതിനിടെ കടലില്‍ കുടുങ്ങിപ്പോയ 200ലേറെ മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. നാവികസേനയുടെ വിമാനങ്ങളും കപ്പലുകളും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഓഖി ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ നാലുമീറ്റര്‍ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കടലില്‍ കുടുങ്ങിയവരുടെ അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രിവരെ 13 മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് തിരികെയെത്തിയിരിക്കുന്നത്. അതേസമയം ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദത്തിന് വീഴ്ച പറ്റിയതായി മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. കനത്ത മഴയും കാറ്റും മൂലം ഇന്നലെ രാത്രി വൈകി രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിന്നു. തുടര്‍ന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീരദേശമേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടുതലായി തുറക്കാനും നിര്‍ദേശമുണ്ട്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.