ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമര്‍ദം ‘ഫാനി’ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയും എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് – തെക്കന്‍ ആന്ധ്രാ തീരത്ത് കൂടി ഇടിച്ചിറങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ കൊടുത്തിട്ടുണ്ട്.

ചുഴലിക്കാറ്റിൻറെ പ്രഭാവത്തില്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോരത്തും കടല്‍ത്തീരത്തുമുള്ള വിനോദയാത്രയും ഒഴിവാക്കണം.

കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങാനാണ് നിര്‍ദേശം. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും കടലില്‍ നിന്ന് മടങ്ങിവരാനുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വലിയ തുറമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയുടെ തെക്കുകിഴക്കായി ന്യൂനമര്‍ദം രൂപംകൊണ്ടത്. ഇത് ശക്തിപ്രാപിച്ച്‌ 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് അറിയിച്ചത്. കാറ്റ് കരയിൽ കടക്കുമോയെന്ന് വരുംദിവസങ്ങളിലെ വിശകലനത്തിലേ മനസ്സിലാക്കാൻ കഴിയുള്ളു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.