തിരുവനന്തപുരം: തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിപിഐ. രാജി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. നിരപരാധിയാണെന്ന് തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചിരുന്നുവെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിലെ ‘ തോമസ് ചാണ്ടി: എല്‍ഡിഎഫ് രാഷ്ട്രീയം നേരിടുന്നത് കനത്ത വെല്ലുവിളി ‘ എന്ന തലക്കെട്ടോടു കൂടിയ മുഖപ്രസംഗത്തില്‍ പറയുന്നു.
കായല്‍ കയ്യേറ്റ ആരോപണവും അതു കേരള രാഷ്ട്രീയത്തില്‍ ഉയര്‍ത്തിയിരിക്കുന്ന വന്‍ വിവാദങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അസ്ഥിത്വത്തിനുനേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇനിയും ഈ ആരോപണത്തെ കേവലം മാധ്യമ അജന്‍ഡയുടെ ഭാഗമായി അവഗണിക്കാന്‍ എല്‍ഡിഎഫിനാകില്ല. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടടക്കം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ കമ്പനി ഗുരുതരമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.
മന്ത്രിപദവി നിലനിര്‍ത്തിക്കൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കില്‍ അതു കേരളത്തിലെ എല്‍ഡിഎഫിനോടും സംസ്ഥാന സര്‍ക്കാരിനോടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ വിലയിരുത്താനാകൂ. കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ എല്‍ഡിഎഫ് ആ വെല്ലുവിളി തിരിച്ചറിയണമെന്നും സിപിഐ ആവശ്യപ്പെടുന്നു.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.